Wednesday, December 14, 2011

"ദൈവകണം" പിടിതരുമോ...........? "നൂറ്റാണ്ടിന്റെ കണ്ടെത്തലിനായി".

ഹിഗ്സ് ബോസോണുകളുടെ വികടനത്തിന്റെ സഞ്ചാരപാത (c)CERN


ATLAS ലെ ഹിഗ്സ് വികടനം
(c)DOE/Brookhaven National Laboratory

                ശാസ്ത്രലോകത്ത് ഏറെ ഒച്ചപ്പാടുകളുമായി തുടക്കംകുറിച്ച ലാര്‍ജ് ഹൈഡ്രോണ്‍ കൊളൈഡര്‍ വീണ്ടും ശാസ്ത്ര ചര്‍ച്ചകളില്‍ സജീവമാകുന്നു. ഇന്നലെ (2011 ഡിസംബര്‍ 13ന്) സേണ്‍ (CERN) പുറത്തുവിട്ട പരീക്ഷണ ഫലങ്ങളാണ് എല്‍.എച്ച്.സി - യെ വീണ്ടും വാര്‍ത്തകളില്‍ നിറയ്ക്കുന്നത്. പ്രപഞ്ചത്തിന്റെ മൌലിക ഘടനയുടെ ആധാരമായി കണക്കാക്കപ്പെടുന്ന സ്റ്റാന്‍ഡേര്‍ഡ് മോഡലിലെ ഹിഗ്സ് ബോസോണിന്റെ ഭൌതിക നിലനില്‍പ്പിനെ സാധൂകരിക്കാവുന്ന രണ്ട് പരീക്ഷണങ്ങളുടെ (ATLAS & CMS) തെളിവുകളാണ്  പുറത്തുവന്നിരിക്കുന്നത്.

                പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനെ സംബന്ധിച്ച് സൈദ്ധാന്തിക ഭൌതികശാസ്ത്രജ്ഞര്‍ സിദ്ധാന്തിച്ച സ്റ്റാന്‍ഡേര്‍ഡ് മോഡലിലെ മനുഷ്യന് ഇനിയും പിടിതരാത്ത ഒരേയൊരു കണമാണ് ഹിഗ്സ് ബോസോണ്‍, ഇവയെ പ്രപഞ്ച നിര്‍മ്മിതിയുടെ അടിസ്ഥാന കണമായി പൊതുവെ കണക്കാക്കിവരുന്നു. ഈ കണങ്ങളുമായുള്ള സംഭര്‍ക്കത്തില്‍ നിന്നും മറ്റ് ആറ്റോമിക കണങ്ങളുടെ ഭാരത്തില്‍ വര്‍ദ്ധനവുണ്ടാവുന്നു എന്നാണ് പ്രപഞ്ചത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ രൂപീകരണത്തിനായി സ്വീകരിച്ച പ്രധാന വാദം.

                 പരീക്ഷണ ഫലങ്ങള്‍ പ്രകാരം ഹിഗ്സ് ബോസോണുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അവയുടെ ഭാരം അറ്റ്ല‍സ് പരീക്ഷണ റിപ്പോര്‍ട്ട് പ്രകാരം 116-130 GeV പരിധിയിലും, സി.എം.എസ് പരീക്ഷണ റിപ്പോര്‍ട്ട് പ്രകാരം 115-127  GeV പരിധിയിലുമായിരിക്കും. ഈയൊരു ഭാര പരിധിയില്‍ ഹിഗ്സ് ബോസോണുകളുടേതിന് സമാന സ്വഭാവമുള്ള കണങ്ങളുടെ സ്വാധീനം കണക്കാക്കപ്പെട്ടിട്ടുണ്ടെങ്കിലും, ആ  ദൈവകണങ്ങളെ ആധികാരികമായി കണ്ടെത്താന്‍ ഇനിയും പരീക്ഷണങ്ങള്‍ നടക്കേണ്ടതായുണ്ട്.

                 ഹിഗ്സ് ബോസോണുകള്‍ക്ക് ഭൌതിക നിലനില്‍പ്പ് സാധ്യമാണെങ്കില്‍, അവയുടെ ആയുസ് ഏതാനും നാനോസെക്കന്റുകള്‍ മാത്രമായിരിക്കും, മാത്രമല്ല അവയ്ക്ക് വ്യത്യസ്ത തലങ്ങളിലുള്ള വികടനവും സാധ്യമായിരിക്കും, അതായത് ഒരു നൂരുരൂപ നോട്ടിനെ 50*2, 20*5, 10*10, 5*20 എന്നിങ്ങനെ ചില്ലറയാക്കുന്നപോലെ ഹിഗ്സ് ബോസോണുകളെ വ്യത്യസ്ത കണഭേദങ്ങളിലേക്ക് വിഘടിപ്പിക്കാന്‍ കഴിയും.  അറ്റ്ല‍സ് പരീക്ഷണത്തിലും,  സി.എം.എസ് പരീക്ഷണത്തിലും അവര്‍ ഹിബ്സിനെ കണ്ടെത്തുന്നതിനു പകരം അവയുടെ വികടനത്തിന്റെ വിവിധ വകഭേദങ്ങളെയാണ് പഠനവിധേയമാക്കിയത്, ഓരോ വികടന ഭേദങ്ങളിലും യഥാര്‍ത്ഥ ആറ്റോമിക കണങ്ങളെ സംബന്ധിച്ച്, വളരെ നേരിയ തോതിലുള്ള ഒരു ഭാരവ്യതിയാനം  കണ്ടെത്താന്‍ അവര്‍ക്ക് സാധിച്ചു, ആ ഭാരവ്യതിയാനം ഹിഗ്സ് ബോസോണുകളുടെ സൈദ്ധാന്തിക അടിത്തറയെ സാധൂകരിക്കുന്നു എന്നതാണ് ഈ മേഖലയില്‍ ലഭിക്കുന്ന പുത്തന്‍ പ്രതീക്ഷ.

                    അറ്റ്ല‍സ് പരീക്ഷണത്തിലും,  സി.എം.എസ് പരീക്ഷണത്തിലും അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ നിന്നും, നാഷണല്‍ ലബോറട്ടറികളില്‍ നിന്നുമുള്ള 1600-ലധികം ശാസ്ത്രജ്ഞരും, വിദ്യാര്‍ത്ഥികളും, എഞ്ചിനിയര്‍മാരും, ടെക്നീഷ്യന്‍മാരും ഈ പരീക്ഷണത്തിനായി പ്രത്യേകം രൂപപ്പെടുത്തിയ അതിവേഗ ബ്രോഡ്ബാന്റ് ഗ്രിഡിലൂടെ പങ്കെടുത്തു.

                      1964ല്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ പീറ്റര്‍ ഹിഗ്സിന്റെ നേതൃത്വത്തിലുള്ള സംഘം രൂപപ്പെടുത്തിയ പ്രപഞ്ചത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് മോഡലിനെ വളരെ വ്യക്തമായി സാധൂകരിക്കാന്‍ ഹിഗ്സ് ബോസോണുകളുടെ കണ്ടെത്തലിലൂടെ സാധ്യമാവും.

                      ഈ പരീക്ഷണത്തിലൂടെ പ്രപഞ്ച നിര്‍മ്മിതിയുടെ അടിസ്ഥാന കണം നമുക്ക് പിടിതന്നാലും, ആ കണങ്ങളുടെ സ്വഭാവം വ്യക്തമായി പഠനവിധേയമാക്കിയാല്‍ മാത്രമേ അത്  സ്റ്റാന്റേര്‍ഡ് ഹിഗ്സ് ബോസോണ്‍ തന്നെയാണോ എന്ന നിഗമനത്തിലെത്താന്‍ കഴിയൂ. ആ കണം സ്റ്റാന്റേര്‍ഡ് ഹിഗ്സ് ബോസോണ്‍ അല്ലെങ്കില്‍ ഭൌതികശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെല്ലാം തകര്‍ന്നുവീഴപ്പെടും.



നമുക്ക് കാത്തിരിക്കാം.. നൂറ്റാണ്ടിന്റെ കണ്ടെത്തലിനായി....


Reference: CERN Press Release     

0 comments:

Post a Comment

മലയാള സാഹിത്യത്തിന്റെ പുതിയ മുഖം

ഇഷ്ടപ്പെട്ടവ...