Friday, August 19, 2011

ഓണം മലയാളികളുടെ ദേശീയ ഉത്സവമോ.........?

   
             ഓണമെന്നു് കേട്ടപ്പോഴേ മനസ്സ് കിടന്ന് പിടയ്ക്കാന്‍ തുടങ്ങി, പന്ത്രണ്ട് വര്‍ഷം മലയാളം പഠിച്ചതിന്റെ ഗുണം....!  ആ പന്ത്രണ്ട് വര്‍ഷത്തിന്റെ തഴക്കം വന്ന വാക്കുകള്‍ തൂലികയില്‍ നിന്നും നിര്‍ഗളിക്കാന്‍ തുടങ്ങിയപ്പോള്‍ വിലക്കിയില്ല.
"ഓണം മലയാളികളുടെ ദേശീയോത്സവമാണ്.ലോകത്തിന്റെ നാനാഭാഗത്തുമുള്ള                                       മലയാളികള്‍ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു."
ഇത്രയും എഴുതിക്കഴിഞ്ഞപ്പോഴാണ് ഓണത്തിന്റെ മതേതരസ്വഭാവത്തെക്കുറിച്ച് മനസില്‍  ഒരു സംശയം ഉതിര്‍ന്നത്. ഓണം നമ്മുടെ ദേശീയ ഉത്സവമാണോ? അതല്ലെങ്കില്‍ അങ്ങിനെയായിരുന്നോ? ഓണം നമ്മുടെ ദേശീയ ഉത്സവമായിരുന്നു, എന്ന് പറയുന്നതാവും ശരി, കാരണം മലയാളി എന്നു പറഞ്ഞാല്‍ തിരുവനന്തപുരത്തെ ബ്രാമണനും, കോട്ടയത്തെ നസ്രാണിയും, മലപ്പുറത്തെ മുസ്ലീമും എല്ലാം ചേര്‍ന്ന് വരുന്നതാണല്ലോ? സത്യം പറഞ്ഞാല്‍ ഓണം ഇന്ന് ക്രിസ്മസിനോളം പോലും മതേതരമല്ലാതായിരിക്കുന്നു, കാരണം ക്രിസ്മസിന് ഒട്ടുമിക്ക ഹൈന്ദവ-മുസ്ലിം-ക്രിസ്ത്യന്‍ ഭവനങ്ങളിലും ഒരു നക്ഷത്രമെങ്കിലും ഉയരാറുണ്ട്, എന്നാല്‍ ഓണത്തിന് എത്ര ഭവനങ്ങളില്‍ പൂക്കളമൊരുങ്ങുന്നു? അങ്ങിനെയെങ്കില്‍ ഈ ചുരുങ്ങിയ കാലം കൊണ്ട് എന്താണ് സംഭവിച്ചത്? അതറിയണമെങ്കില്‍ കേരളത്തിന്റെ സമീപകാല ചരിത്രത്തില്‍ ഒരു പര്യടനം നടത്തേണ്ടത് അത്യാവശ്യമാണ്, ഒപ്പം ഓണം എന്താണെന്നും അറിയണം.

ഓണം എന്തായിരുന്നു?

                             നിരവധി ഐതിഹ്യങ്ങളുടെയും ചരിത്രരേഖകളുടെയും പിന്‍ബലം ഉണ്ടെങ്കിലും ആത്യന്തികമായി ഓണം ഒരു വിളവെടുപ്പ് ഉത്സവമാണ്. ഓണത്തപ്പന്റെ ആസ്ഥാനമായ തൃക്കാക്കരയില്‍ ചിങ്ങമാസത്തിലെ അത്തം നാളില്‍ അത്തച്ചമയത്തോടെ തുടങ്ങുന്നു കോരന്റെ ആഘോഷങ്ങള്‍, തുടര്‍ന്ന്  ഉത്രാടപ്പാച്ചിലില്‍ കാണം വിറ്റ്, പത്താംനാള്‍ തിരുവോണം നാളില്‍ ഓണമുണ്ട് ചൂളം പാടുന്ന കോരന്‍, ചതയം നാളോടെ അടുത്ത ഓണത്തിന് ഓണമുണ്ണാന്‍ വയലിലേക്ക് ഇറങ്ങുന്നു, ഇത്തരത്തില്‍ കാര്‍ഷിക വൃത്തിയില്‍ അധിഷ്ടിതമായിരുന്നു പണ്ടത്തെ ഓണം. വിളവെടുപ്പുത്സവം എന്നതിലുപരിയായി കാലവര്‍ഷം കഴിഞ്ഞ് മാനം തെളിയുന്ന ചിങ്ങമാസത്തില്‍ സുഗന്ധദ്രവ്യ വ്യാപാരത്തിനായി പൊന്നും കൊണ്ട് വരുന്ന വിദേശകപ്പലുകളാണ് പൊന്നോണം എന്ന ആഘോഷത്തിന് ഹേതു എന്ന വാദവും തള്ളിക്കളയാവുന്നതല്ല.
                            ഐതിഹ്യങ്ങളുടെ പിന്‍ബലത്തില്‍ ഓണത്തെ സമീപിച്ചാല്‍, പ്രഹ്ലാദപുത്രനും അസുര രാജാവുമായ മഹാബലിയോടാണ് ഓണത്തിന് കൂടുതല്‍ ബന്ധം, ദേവന്മാരെപ്പോലും അസൂയ്യപ്പെടുത്തുന്ന ഭരണം കാഴ്ചവച്ച മാവേലി.
        “മാവേലി നാടുവാണീടും കാലം
          മാനുഷരെല്ലാരുമൊന്നുപോലെ”
എന്ന ഓണപ്പാട്ടിലൂടെ ഏതൊരു മലയാളിയുടെ മനസ്സിലും ഗൃഹാതുരത ഉണര്‍ത്തുന്ന ആ കുടവയറന്‍ മാവേലി.


ഓണത്തിന്റ മതേതരത്വം........!

                                  ഇന്ന് ഓണം വളരെയധികം മാറിയിരിക്കുന്നു, കുടുംബങ്ങളുടെ ഒത്തുചേരലും, ഓണസദ്യയും ഓര്‍മ്മയാകുന്ന കാലം, പകരം ആ സ്ഥാനങ്ങളില്‍ തിയേറ്ററിലെ ഓണച്ചിത്രങ്ങളും, ടെലിവിഷനിലെ ഓണപ്പരിപാടികളും, ബീവറേജ് കോര്‍പ്പറേഷനും ചേക്കേറിയിരിക്കുന്നു, ഈയൊരു കാലഘട്ടത്തിലും ഓണത്തിന്റ മതേതരത്വത്തിന് പ്രസക്തി ഉണ്ടെന്ന് എനിയ്ക്ക് തോനുന്നു.
                                  പണ്ട് ജാതിമത ഭേദമന്യേ ആഘോഷിച്ചിരുന്ന ഓണത്തിന്റെ ഇന്നത്തെ ഈ ദുരവസ്ഥയ്ക്ക് കാരണം എന്താണ്? അത് ഒരിക്കലും വൈകാരികമല്ല, തികച്ചും സാമൂഹികമാണ്.ഓണം എക്കാലവും ഒരു ഹൈന്ദവഫ്യൂഡല്‍ ഉത്സവമായിരുന്നു എന്നത് നേരാണ്, ഐതിഹ്യങ്ങളില്‍ നിന്നും മാറി ചിന്തിച്ചാലും ഓണവുമായി ബന്ധപ്പെട്ട കലാപരിപാടികള്‍ മിക്കവയും ഹൈന്ദവമാണ്, ഓണത്തെയ്യം, ഓണത്തുള്ളല്‍, ഓണപ്പൊട്ടന്‍, എന്തിനേറെ തുന്വിതുള്ളലില്‍ പോലും ഇത് നമുക്ക് കാണാന്‍ സാധിക്കും. എന്നിരുന്നാലും ഓണത്തോടനുബന്ധിച്ച് പൂജയോ, പ്രാര്‍ത്തനയോ, കുര്‍ബാനയോ ഒന്നും തന്നെ ഇല്ലാത്തതിനാല്‍ വിവിധ ജാതിമതസ്ഥര്‍ അതില്‍ പങ്കുചേര്‍ന്നു എന്നതാണ് സത്യം. ഉത്തരേന്ത്യയിലെ ഹോളി, ദീപാവലി, കന്വോളവത്ക്കരിച്ച ക്രിസ്മസ് എന്നിവയ്ക്ക് ഇതേ സ്വഭാവമാണുള്ളത്. ഇവിടെയാണ് ഓണം മലയാളികളുടെ ദേശീയഉത്സവമാണോ എന്ന ചോദ്യത്തിന് പ്രസക്തി.

                                 
ഓണം ഇന്ന്....
                     സാമൂഹികമായി കേരളം വളരെയധികം വികസിച്ചിരിക്കുന്നു, അതും ഓണം എന്ന ഉത്സവത്തെ വളരെയധികം ബാധിച്ചിട്ടുണ്ട്. പണ്ടത്തെ മലയാളി അതായത് ഫ്യൂഡല്‍ പ്രഭുക്കന്മാരുടെ കാലത്തെ മലയാളി, നമുക്കയാളെ കോരന്‍ എന്നു വിളിക്കാം- സാമുദായിക അസമത്വങ്ങളില്‍ ഞെരുങ്ങി ജീവിച്ചിരുന്ന കോരന്റെ ആശ്വാസദിനങ്ങളായിരുന്നു ഓണനാളുകള്‍, അന്ന് കോരന്റെ വീട്ടില്‍ കഞ്ഞിവച്ചില്ല, പകരം കോരന്‍ നാട്ട്പൂക്കള്‍ കൊണ്ട് പൂക്കളം തീര്‍ത്ത് കാണം വിറ്റ് തുന്വപ്പൂ ചോറും, കാളനും, തോരനം, ഉപ്പേരിയും, പാല്‍പായസവും കൂട്ടി ഓണസദ്യകഴിച്ച്, ചൂളം പാടി കിടന്നു.എന്നാല്‍ ഇന്ന് കോരന്റെ പിന്‍മുറക്കാര്‍ ഒരുപാട് മാറി, നാലുനേരം മൃഷ്ടാനഭോജനവുമായിക്കഴിയുന്ന അവര്‍ക്കെന്ത് ഓണം................!

പുതുചൊല്ല് - ഓണം വന്നാലും ഉണ്ണി പിറന്നാലു, കോരന് ഗുഗിളില്‍ തന്നെ കഞ്ഞി.........!

Read more »

മലയാള സാഹിത്യത്തിന്റെ പുതിയ മുഖം

ഇഷ്ടപ്പെട്ടവ...