Tuesday, December 27, 2011

2011 പിന്‍വാങ്ങുന്വോള്‍ : ഒരു തിരിഞ്ഞുനോട്ടം.

             
           ചരിത്രത്തിന്റെ കണക്കുപുസ്തകത്തില്‍ കറുത്തതും, വെളുത്തതും, ചുവന്നതുമായ പലവിധ കൂട്ടലുകളും കിഴിക്കലുകളും നടത്തി അവന്‍ നമ്മോട് വിടപറയുകയാണ്. ഒന്നു തിരിഞ്ഞുനോക്കുന്വോള്‍ അനേകം മുഖങ്ങള്‍, അനവധി നിരവധി സംഭവങ്ങള്‍, അങ്ങിനെയങ്ങിനെ..... എന്തുകൊണ്ടും ശബ്ദമുഖരിതമായ ഒരു വര്‍ഷം ഇവിടെ പടിയിറങ്ങുന്നു. ചരിത്രം തീര്‍ച്ചയായും 2011 എന്ന വര്‍ഷത്തെ, അതിന്റെ സുവര്‍ണ്ണലിപികളില്‍ കുറിക്കും എന്നത് നിസംശ്ശയം പറയാം.


           ജനാധിപത്യത്തിന്റെ ദു:ര്‍മുഖത്തിനെതിരായി ഇവിടെ ഇന്ത്യയില്‍ അന്നാ ഹസാരെയുടെ നേതൃത്വത്തില്‍  അഹിംസയിലടിയുറച്ച യുദ്ധം ആരംഭിച്ചു - ശക്തമായ ജനലോക്പാലിനായി. നാം ജനാധിപത്യത്തെക്കുറിച്ചും അതിന്റെ പോരായ്മകളേക്കുറിച്ചും ബോധവാന്മാരായിരിക്കുന്ന, ഈ കാലഘട്ടത്തിലും ഏകാധിപത്യത്തിന്റെയും, മതാധിപത്യത്തിന്റെയും, സാന്വത്തിക അസമത്വങ്ങളുടെയും ലോകത്തെ മാത്രം കണ്ടുശീലിച്ച രാജ്യങ്ങളിലെ ജനത - പ്രതികരിക്കാനാരംഭിച്ചിരിക്കുന്നു, പ്രതിഷേധിക്കാനാരംഭിച്ചിരിക്കുന്നു - ഈ 2011-ല്‍.


            ടുണീഷ്യയിലെ മുല്ലപ്പൂസുഗന്ധത്തില്‍ നിന്നും കരുത്താര്‍ജിച്ച് പടര്‍ന്നുകയറിയ ആ പ്രതിഷേധാഗ്നി, നൈലിനൊപ്പം ഈജിപ്തിനേയും ചൂടുപിടിപ്പിച്ച് ആളിപ്പടര്‍ന്നപ്പോള്‍ ലിബിയയില്‍ ഗദ്ദാഫി എന്ന ഏകാധിപതി നാമാവശേഷമായി. ആ അഗ്നിയുടെ അലയൊലികള്‍ വാള്‍സ്ട്രീറ്റിലും, ലണ്ടനിലും, ഗ്രീസിലും, റഷ്യയിലും മാറ്റൊലി കൊണ്ടു.


          2011നെ ചരിത്രം വ്യത്യസ്തമാക്കുന്നത് ഈ പ്രതിഷേധാഗ്നികളുടെ ഉദയത്തിലുള്ള വ്യത്യസ്തതകള്‍ കൊണ്ട് കൂടിയാണ്,
പൂര്‍ണ്ണമായും മാധ്യമസ്വാതന്ത്രത്തെ ഹനിക്കുന്ന രാജ്യങ്ങളില്‍ പോലും ഇത്തരം മുന്നേറ്റങ്ങള്‍ സാധ്യമായത് സോഷ്യല്‍ നെറ്റ്‍വര്‍ക്കുകളുടെ കാര്യക്ഷമമായ ഉപയോഗത്താലാണെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. അതായത് ഫേസ്ബുക്കും, ട്വിറ്ററും ഉള്‍പ്പെടെയുള്ള ഇന്റെര്‍നെറ്റിന്റെ പുത്തന്‍ കളിത്തൊട്ടുകളില്‍ നിന്നാണ് വളര്‍ച്ചയുടെ ഊര്‍ജത്തെ ഇത്തരം മുന്നേറ്റങ്ങള്‍ സ്വാംശീകരിച്ചതെന്ന് - ഇത്തരം ആശയക്കാരെ "ടെക്നോഉട്ടോപ്യന്മാര്‍" എന്ന് പരിഹസിക്കുന്ന മറ്റൊരു വിഭാഗത്തിന്റെ വാദം - അടിച്ചമര്‍ത്തലിന്റെ അങ്ങേത്തലകണ്ട ഒരു ജനതയുടെ പ്രതികരണത്തിന്റെ ഭീകരമായ മുഖമാണ് ഈ മുന്നേറ്റങ്ങളുടെ അടിസ്ഥാനമെന്നാണ്.          അറബ് വസന്തമെന്ന് പൊതുവെ വിശേഷിപ്പിക്കപ്പെടുന്ന ഈ മുന്നേറ്റങ്ങളുടെയെല്ലാം ആരംഭം 2010ന്റെ അവസാനത്തില്‍ ടുണീഷ്യയിലായിരുന്നു. മുല്ലപ്പൂ ദേശീയ പുഷ്പമായ ടുണീഷ്യയിലെ - മുല്ലപ്പൂ വിപ്ലവത്തിന് ഹേതു, സിദി ബൌസിസ് നഗരത്തില്‍ തെരുവോര പച്ചക്കറിക്കച്ചവടം നിരോധിച്ച ഏകാധിപത്യ നിലപാടിനെതിരെ തീകൊളുത്തി ആത്മാഹൂതി ചെയ്ത മുഹമ്മദ് ബൌസിസ് എന്ന ചെറുപ്പകകാരനാണ്. പിന്നീട് ആളിപ്പടര്‍ന്ന പ്രക്ഷോഭത്തിനൊടുവില്‍ ഏകാധിപതി സൈനുല്‍ അബിദീന്‍ ബിന്‍ അലിക്ക് സൌദി അറേബ്യയില്‍ അഭയം തേടേണ്ടിവന്നു. ആ ജനകീയ വിജയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് വൈകാതെ ഈജിപ്‍തും എരിഞ്ഞുതുടങ്ങി... ഏകാധിപതി ഹുസ്തി മുബാറക്ക് സ്ഥാനമൊഴിഞ്ഞു. പിന്നീട് ആളിപ്പടര്‍ന്ന പ്രതിഷേധാഗ്നി ലിബിയന്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫിയുടെ അന്ത്യത്തിലാണ് കലാശിച്ചത്, ശേഷം യെമന്‍, സിറിയ, ബഹ്റൈന്‍‌ തുടങ്ങിയ അറബ് രാജ്യങ്ങളിലാണ് തീ ആളിപ്പടര്‍ന്നത്. യെമനില്‍ പ്രസിഡന്റ് അലി അബ്‍ദുള്ള സാലി സ്ഥാനമൊഴിയാന്‍ സമ്മതിക്കുകയും, സിറിയയില്‍ പ്രസിഡന്റ് ബാഷിര്‍ അല്‍ അസദ് ഏത് നിമിഷവും വീഴുമെന്ന സ്ഥിതിയിലുമാണ്. എന്നാല്‍ ബഹ്‍റൈനില്‍ സ്ഥിതി വ്യത്യസ്തമാണ് - അവിടെ അമേരിക്കയുടേയും സൌദിഅറേബ്യയുടേയും സഹായത്തോടെ ജനമുന്നേറ്റത്തെ ഭരണകൂടം കശാപ്പുചെയ്തു. ഇപ്പോള്‍ ഏറ്റവും ഒടുവില്‍ തിരഞ്ഞടുപ്പിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങളില്‍ പിടയുന്നത് നമ്മുടെ റഷ്യയാണ്.

         ഇന്ത്യയെ സംബന്ധിച്ചും 2011 പ്രതിഷേധങ്ങളുടെ വര്‍ഷമായിരുന്നു. എന്നാല്‍ അറബ് വസന്തത്തെ അപേക്ഷിച്ച് അഹിംസയിലധിഷ്ടിതമായിരുന്നു എന്നതാണ് "ഇന്ത്യ എഗന്‍സ്റ്റ് കറപ്ഷന്‍” മൂവ്മെന്റിനെ വ്യത്യസ്തമാക്കിയത്. മാധ്യമങ്ങള്‍ അഭിനവഗാന്ധി എന്നു പേരു ചൊല്ലിയ അന്നാഹസ്സാരെയുടെ നേതൃത്വത്തില്‍ സുശക്തമായ ജനലോക്പാലിന് വേണ്ടിയുള്ളതായിരുന്നു ഈ ജനമുന്നേറ്റം. സോഷ്യല്‍നെറ്റ്‍വര്‍ക്കുകളുടെ കാര്യക്ഷമമായ ഉപയോഗം ഈ മുന്നേറ്റത്തിന് സഹായകമായത് കുറച്ചൊന്നുമല്ല, അതുകൊണ്ടുകൂടിയാണ് സോഷ്യല്‍നെറ്റ്‍വര്‍ക്കുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള ആഗ്രഹം യു.പി.എ സര്‍ക്കാര്‍ പ്രസ്ഥാവിച്ചത്.         രാഷ്ടീയ അസ്ഥിരത നടമാടിയ 2011ല്‍ പ്രകൃതിക്ഷോഭങ്ങളും കഴിയുംപോലെ നമ്മെ ഉപദ്രവിച്ചു. മാര്‍ച്ച് 11ന് ജപ്പാനെ പിടിച്ചുകുലുക്കിയ ഭൂകന്വവും, സുനാമിയും തുടര്‍ന്നുണ്ടായ ഹുകുഷിമ ആണവനിലയത്തിലെ ചോര്‍ച്ചയുമായിരുന്നു, പ്രധാനപ്പെട്ടവ... ഇവ മാത്രമല്ല, തുര്‍ക്കിയില്‍ ഒക്ടോബര്‍ 23ന് നടന്ന ഭൂകന്വവും, ഇന്ത്യയില്‍ - സെപ്തംബര്‍ 18ന് സിക്കിമില്‍ നടന്ന ഭുകന്വവും, മനുഷ്യമനസ്സിന്റെ ചലനങ്ങള്‍ക്ക് പ്രകൃതിയിലും വലിയ മാറ്റം വരുത്താന്‍ കഴിയുമെന്ന് തെളിയിച്ചു.


അങ്ങിനെ 2011 വിടപറഞ്ഞ് തുടങ്ങിക്കഴിഞ്ഞു...


അസമത്വങ്ങള്‍ക്കെതിരായ പോരാട്ടം വിജയം കണ്ട, ഭരണകൂടങ്ങളെ താഴെയിറക്കിയ, രാജ്യങ്ങളില്‍ 2012 ഒരു പുതുവസന്തം നിറയ്ക്കട്ടെ...


ലോകം ശാന്തിയുടെ പുതുയുഗത്തിലേക്ക് പ്രവേശിക്കട്ടെ...


എന്ന് ആശംസിച്ചുകൊണ്ട്...


ചിപ്പിയുടെ എല്ലാ കൂട്ടുകാര്‍ക്കും പുതുവത്സരാശംസകള്‍.......
          

6 comments:

 • Sabu Hariharan says:
  27 December 2011 at 23:04

  യുദ്ധത്തിലൂടെ മാത്രമാണ്‌ സമാധനം ഉണ്ടാവുക എന്ന സ്ഥിതിയിൽ എത്തിയിരിക്കുന്നു കാര്യങ്ങൾ!

 • happy new-year

 • പുതുവത്സരാശംസകള്‍...!

 • ബെഞ്ചാലി says:
  28 December 2011 at 00:50

  പലതിൽ ചിലത് കണ്ടു. എനിവേ, ആശംസകൾ

 • Jefu Jailaf says:
  28 December 2011 at 01:25

  നല്ല ശ്രമം.. പുതുവത്സര ആശംസകള്‍..

 • Mohiyudheen MP says:
  29 December 2011 at 03:12

  പുതുവത്സരാശംസകള്‍...!

Post a Comment

മലയാള സാഹിത്യത്തിന്റെ പുതിയ മുഖം

ഇഷ്ടപ്പെട്ടവ...