Tuesday, December 27, 2011

2011 പിന്‍വാങ്ങുന്വോള്‍ : ഒരു തിരിഞ്ഞുനോട്ടം.

             
           ചരിത്രത്തിന്റെ കണക്കുപുസ്തകത്തില്‍ കറുത്തതും, വെളുത്തതും, ചുവന്നതുമായ പലവിധ കൂട്ടലുകളും കിഴിക്കലുകളും നടത്തി അവന്‍ നമ്മോട് വിടപറയുകയാണ്. ഒന്നു തിരിഞ്ഞുനോക്കുന്വോള്‍ അനേകം മുഖങ്ങള്‍, അനവധി നിരവധി സംഭവങ്ങള്‍, അങ്ങിനെയങ്ങിനെ..... എന്തുകൊണ്ടും ശബ്ദമുഖരിതമായ ഒരു വര്‍ഷം ഇവിടെ പടിയിറങ്ങുന്നു. ചരിത്രം തീര്‍ച്ചയായും 2011 എന്ന വര്‍ഷത്തെ, അതിന്റെ സുവര്‍ണ്ണലിപികളില്‍ കുറിക്കും എന്നത് നിസംശ്ശയം പറയാം.


           ജനാധിപത്യത്തിന്റെ ദു:ര്‍മുഖത്തിനെതിരായി ഇവിടെ ഇന്ത്യയില്‍ അന്നാ ഹസാരെയുടെ നേതൃത്വത്തില്‍  അഹിംസയിലടിയുറച്ച യുദ്ധം ആരംഭിച്ചു - ശക്തമായ ജനലോക്പാലിനായി. നാം ജനാധിപത്യത്തെക്കുറിച്ചും അതിന്റെ പോരായ്മകളേക്കുറിച്ചും ബോധവാന്മാരായിരിക്കുന്ന, ഈ കാലഘട്ടത്തിലും ഏകാധിപത്യത്തിന്റെയും, മതാധിപത്യത്തിന്റെയും, സാന്വത്തിക അസമത്വങ്ങളുടെയും ലോകത്തെ മാത്രം കണ്ടുശീലിച്ച രാജ്യങ്ങളിലെ ജനത - പ്രതികരിക്കാനാരംഭിച്ചിരിക്കുന്നു, പ്രതിഷേധിക്കാനാരംഭിച്ചിരിക്കുന്നു - ഈ 2011-ല്‍.


            ടുണീഷ്യയിലെ മുല്ലപ്പൂസുഗന്ധത്തില്‍ നിന്നും കരുത്താര്‍ജിച്ച് പടര്‍ന്നുകയറിയ ആ പ്രതിഷേധാഗ്നി, നൈലിനൊപ്പം ഈജിപ്തിനേയും ചൂടുപിടിപ്പിച്ച് ആളിപ്പടര്‍ന്നപ്പോള്‍ ലിബിയയില്‍ ഗദ്ദാഫി എന്ന ഏകാധിപതി നാമാവശേഷമായി. ആ അഗ്നിയുടെ അലയൊലികള്‍ വാള്‍സ്ട്രീറ്റിലും, ലണ്ടനിലും, ഗ്രീസിലും, റഷ്യയിലും മാറ്റൊലി കൊണ്ടു.


          2011നെ ചരിത്രം വ്യത്യസ്തമാക്കുന്നത് ഈ പ്രതിഷേധാഗ്നികളുടെ ഉദയത്തിലുള്ള വ്യത്യസ്തതകള്‍ കൊണ്ട് കൂടിയാണ്,
പൂര്‍ണ്ണമായും മാധ്യമസ്വാതന്ത്രത്തെ ഹനിക്കുന്ന രാജ്യങ്ങളില്‍ പോലും ഇത്തരം മുന്നേറ്റങ്ങള്‍ സാധ്യമായത് സോഷ്യല്‍ നെറ്റ്‍വര്‍ക്കുകളുടെ കാര്യക്ഷമമായ ഉപയോഗത്താലാണെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. അതായത് ഫേസ്ബുക്കും, ട്വിറ്ററും ഉള്‍പ്പെടെയുള്ള ഇന്റെര്‍നെറ്റിന്റെ പുത്തന്‍ കളിത്തൊട്ടുകളില്‍ നിന്നാണ് വളര്‍ച്ചയുടെ ഊര്‍ജത്തെ ഇത്തരം മുന്നേറ്റങ്ങള്‍ സ്വാംശീകരിച്ചതെന്ന് - ഇത്തരം ആശയക്കാരെ "ടെക്നോഉട്ടോപ്യന്മാര്‍" എന്ന് പരിഹസിക്കുന്ന മറ്റൊരു വിഭാഗത്തിന്റെ വാദം - അടിച്ചമര്‍ത്തലിന്റെ അങ്ങേത്തലകണ്ട ഒരു ജനതയുടെ പ്രതികരണത്തിന്റെ ഭീകരമായ മുഖമാണ് ഈ മുന്നേറ്റങ്ങളുടെ അടിസ്ഥാനമെന്നാണ്.



          അറബ് വസന്തമെന്ന് പൊതുവെ വിശേഷിപ്പിക്കപ്പെടുന്ന ഈ മുന്നേറ്റങ്ങളുടെയെല്ലാം ആരംഭം 2010ന്റെ അവസാനത്തില്‍ ടുണീഷ്യയിലായിരുന്നു. മുല്ലപ്പൂ ദേശീയ പുഷ്പമായ ടുണീഷ്യയിലെ - മുല്ലപ്പൂ വിപ്ലവത്തിന് ഹേതു, സിദി ബൌസിസ് നഗരത്തില്‍ തെരുവോര പച്ചക്കറിക്കച്ചവടം നിരോധിച്ച ഏകാധിപത്യ നിലപാടിനെതിരെ തീകൊളുത്തി ആത്മാഹൂതി ചെയ്ത മുഹമ്മദ് ബൌസിസ് എന്ന ചെറുപ്പകകാരനാണ്. പിന്നീട് ആളിപ്പടര്‍ന്ന പ്രക്ഷോഭത്തിനൊടുവില്‍ ഏകാധിപതി സൈനുല്‍ അബിദീന്‍ ബിന്‍ അലിക്ക് സൌദി അറേബ്യയില്‍ അഭയം തേടേണ്ടിവന്നു. ആ ജനകീയ വിജയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് വൈകാതെ ഈജിപ്‍തും എരിഞ്ഞുതുടങ്ങി... ഏകാധിപതി ഹുസ്തി മുബാറക്ക് സ്ഥാനമൊഴിഞ്ഞു. പിന്നീട് ആളിപ്പടര്‍ന്ന പ്രതിഷേധാഗ്നി ലിബിയന്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫിയുടെ അന്ത്യത്തിലാണ് കലാശിച്ചത്, ശേഷം യെമന്‍, സിറിയ, ബഹ്റൈന്‍‌ തുടങ്ങിയ അറബ് രാജ്യങ്ങളിലാണ് തീ ആളിപ്പടര്‍ന്നത്. യെമനില്‍ പ്രസിഡന്റ് അലി അബ്‍ദുള്ള സാലി സ്ഥാനമൊഴിയാന്‍ സമ്മതിക്കുകയും, സിറിയയില്‍ പ്രസിഡന്റ് ബാഷിര്‍ അല്‍ അസദ് ഏത് നിമിഷവും വീഴുമെന്ന സ്ഥിതിയിലുമാണ്. എന്നാല്‍ ബഹ്‍റൈനില്‍ സ്ഥിതി വ്യത്യസ്തമാണ് - അവിടെ അമേരിക്കയുടേയും സൌദിഅറേബ്യയുടേയും സഹായത്തോടെ ജനമുന്നേറ്റത്തെ ഭരണകൂടം കശാപ്പുചെയ്തു. ഇപ്പോള്‍ ഏറ്റവും ഒടുവില്‍ തിരഞ്ഞടുപ്പിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങളില്‍ പിടയുന്നത് നമ്മുടെ റഷ്യയാണ്.

         ഇന്ത്യയെ സംബന്ധിച്ചും 2011 പ്രതിഷേധങ്ങളുടെ വര്‍ഷമായിരുന്നു. എന്നാല്‍ അറബ് വസന്തത്തെ അപേക്ഷിച്ച് അഹിംസയിലധിഷ്ടിതമായിരുന്നു എന്നതാണ് "ഇന്ത്യ എഗന്‍സ്റ്റ് കറപ്ഷന്‍” മൂവ്മെന്റിനെ വ്യത്യസ്തമാക്കിയത്. മാധ്യമങ്ങള്‍ അഭിനവഗാന്ധി എന്നു പേരു ചൊല്ലിയ അന്നാഹസ്സാരെയുടെ നേതൃത്വത്തില്‍ സുശക്തമായ ജനലോക്പാലിന് വേണ്ടിയുള്ളതായിരുന്നു ഈ ജനമുന്നേറ്റം. സോഷ്യല്‍നെറ്റ്‍വര്‍ക്കുകളുടെ കാര്യക്ഷമമായ ഉപയോഗം ഈ മുന്നേറ്റത്തിന് സഹായകമായത് കുറച്ചൊന്നുമല്ല, അതുകൊണ്ടുകൂടിയാണ് സോഷ്യല്‍നെറ്റ്‍വര്‍ക്കുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള ആഗ്രഹം യു.പി.എ സര്‍ക്കാര്‍ പ്രസ്ഥാവിച്ചത്.



         രാഷ്ടീയ അസ്ഥിരത നടമാടിയ 2011ല്‍ പ്രകൃതിക്ഷോഭങ്ങളും കഴിയുംപോലെ നമ്മെ ഉപദ്രവിച്ചു. മാര്‍ച്ച് 11ന് ജപ്പാനെ പിടിച്ചുകുലുക്കിയ ഭൂകന്വവും, സുനാമിയും തുടര്‍ന്നുണ്ടായ ഹുകുഷിമ ആണവനിലയത്തിലെ ചോര്‍ച്ചയുമായിരുന്നു, പ്രധാനപ്പെട്ടവ... ഇവ മാത്രമല്ല, തുര്‍ക്കിയില്‍ ഒക്ടോബര്‍ 23ന് നടന്ന ഭൂകന്വവും, ഇന്ത്യയില്‍ - സെപ്തംബര്‍ 18ന് സിക്കിമില്‍ നടന്ന ഭുകന്വവും, മനുഷ്യമനസ്സിന്റെ ചലനങ്ങള്‍ക്ക് പ്രകൃതിയിലും വലിയ മാറ്റം വരുത്താന്‍ കഴിയുമെന്ന് തെളിയിച്ചു.


അങ്ങിനെ 2011 വിടപറഞ്ഞ് തുടങ്ങിക്കഴിഞ്ഞു...


അസമത്വങ്ങള്‍ക്കെതിരായ പോരാട്ടം വിജയം കണ്ട, ഭരണകൂടങ്ങളെ താഴെയിറക്കിയ, രാജ്യങ്ങളില്‍ 2012 ഒരു പുതുവസന്തം നിറയ്ക്കട്ടെ...


ലോകം ശാന്തിയുടെ പുതുയുഗത്തിലേക്ക് പ്രവേശിക്കട്ടെ...


എന്ന് ആശംസിച്ചുകൊണ്ട്...


ചിപ്പിയുടെ എല്ലാ കൂട്ടുകാര്‍ക്കും പുതുവത്സരാശംസകള്‍.......




          

Read more »

Friday, December 16, 2011

പ്രസാദാത്മക ചിന്ത അഥവാ Positive Thinking


സുഹൃത്തുക്കളെ, ഇതു വായിച്ചുകഴിഞ്ഞാല്‍ ഞാനൊരു സന്‍മാര്‍ഗിയും, നല്ലവനുമാണെന്നുള്ള തെറ്റിധാരണ നിങ്ങളില്‍ഇണ്ടാവാന്‍ സാധ്യത ഉള്ളതിനാല്‍ അത് ഒഴിവാക്കാനായി ഈ ലേഖനം പ്രശസ്ത പ്രചോദനാത്മക ഗ്രന്ഥകാരന്‍ നോര്‍മന്‍ വിന്‍സെന്റ് പീല്‍ എഴുതിയ "Discovering the Power of Positive Thinking” എന്ന പുസ്തകത്തിലെ ചില പ്രധാന ഭാഗങ്ങള്‍ അക്ഷരംപ്രതി എഴുതിയതാണ് എന്ന വസ്തുത നിങ്ങളെ അറിയിച്ചുകൊള്ളട്ടെ......



           നമുക്ക് എന്തു സംഭവിക്കുന്നു എന്നതിനെ ആശ്രയിച്ചല്ല നമ്മുടെ ജീവിതങ്ങള്‍ നിര്‍ണ്ണയിക്കപ്പെടുന്നത്, പക്ഷേ എന്തു സംഭവിക്കുന്നു എന്നതിനോട് നാം എങ്ങിനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ സന്തോഷം, നിങ്ങള്‍ വളര്‍ത്തിയെടുക്കുന്ന മനസ്സിന്റെ ശീലത്തെ ആശ്രയിച്ചിരിക്കുന്നു. നിത്യവും സന്തോഷകരമായി ചിന്തിക്കാന്‍ ശീലിക്കുക.

            നമ്മുടെ ചിന്തകളാണ് നമ്മെ നിയന്ത്രിക്കുന്നത് എന്ന് പലരും വിശ്വസിക്കുന്നു. പക്ഷെ നമ്മള്‍ നമ്മളുടെ ചിന്തകളെ നിയന്ത്രിക്കുന്നു എന്നതാണ് സത്യം. നമ്മള്‍ എങ്ങനെ സംസാരിക്കുന്നു എന്നതിന് നമ്മള്‍ എങ്ങനെ ചിന്തിക്കുന്നു എന്നതിന്മേല്‍ ശക്തമായൊരു സ്വാധീനമുണ്ട്. സംസാരിക്കപ്പെടുന്ന വാക്കുകള്‍ നമ്മുടെ ബോധ മനസ്സിലേക്ക് ആഴത്തില്‍ കടന്നുചെല്ലുവാനും ഒടുവില്‍ ചിന്താ ഘടനകളായി രൂപപ്പെടുവാനും പ്രേരിതമാകും. അതുകൊണ്ട് നിഷേധാത്മകമായോ അര്‍ദ്ധഹൃദയത്തോടയോ ഒരിക്കലും സംസാരിക്കാതിരിക്കുക. എന്തിനെക്കുറിച്ചും, ആരെക്കുറിച്ചും, നിങ്ങളെക്കുറിച്ചും പ്രസാദാത്മകമായി മാത്രം സംസാരിക്കുക. പ്രസാദാത്മക ചിന്ത അഥവാ Positive Thinking നല്ലകാലത്തേക്കു മാത്രമുള്ള ഒരു ശാസ്ത്രമാണ് എന്ന ചിന്ത വെടിയുക. പ്രതിസന്ധി ഘട്ടത്തില്‍ ശുഭചിന്ത ഉപയോഗപ്പെടുത്തുക.

             ഓരോ കോട്ടത്തിലും ആനുപാതികമായൊരു നേട്ടമുണ്ടന്നറിയുക. ഇരുണ്ട മഴമേഘങ്ങള്‍ക്കിടയിലും സൂര്യന്‍ പ്രകാശിക്കുന്നുണ്ടെന്ന സാമാന്യ സത്യം കണക്കിലെടുക്കുക. ഏറ്റവും കഠിനമായ സാഹചര്യങ്ങളിലും അന്തര്‍ലീനമായ നന്മയുടെ ചില മൂല്യങ്ങള്‍ എപ്പോഴുമുണ്ട്. യഥാര്‍ത്ഥത്തില്‍ നമ്മളില്‍ ആരും തന്നെ പ്രശ്നങ്ങളെ ഇഷ്ടപ്പെടുന്നില്ല. പക്ഷേ അവ ജീവിതത്തിന്റെ ഒരു അവിഭാജ്യ ഘടകമായതിനാല്‍ അവയ്ക്ക് ഒരു ഉദ്ദേശ്യമുണ്ടായിരിക്കണം. ബുദ്ധിമുട്ടിനും, പ്രതികൂലതയ്ക്കും, കഷ്ടപ്പാടിനും വിധേയനാകാതെ ഒരു വ്യക്തിക്കും ശക്തനാകാന്‍ കഴിയില്ല.

            സ്വയം എങ്ങിനെയാണോ രൂപകല്‍പ്പനചെയ്യുന്നത് അങ്ങിനെ തന്നെ ആയിത്തീരാനുള്ള ആഴമേറിയ പ്രവണത മനുഷ്യ സ്വഭാവത്തിനുണ്ട്. ഉദാഹരണത്തിന് ഒരു രോഗിയും ദുര്‍ബലനുമായി നിങ്ങള്‍ നിങ്ങളെ ചിത്രീകരിച്ചാല്‍, ആ ചിന്ത ദീര്‍ഘകാലം മുറുകെപ്പിടിച്ചാല്‍ നിങ്ങള്‍ രോഗിയും ദുര്‍ബലനും ആയിത്തീരുവാന്‍ ശക്തമായി വശംവദനാകും. നേരേ മറിച്ച് ധാരാളം ഊര്‍ജ്ജവും ഓജസും കൂടിയ ആരോഗ്യവാനും ശക്തനുമായ ഒരാളാണ് നിങ്ങളെന്ന് സ്വയം ചിത്രീകരിക്കുകയും, ആ രൂപത്തെ നിരന്തരമായി നിങ്ങളുടെ മനസ്സില്‍ പിടിക്കുകയും ചെയ്താല്‍ അത്തരമൊരു വ്യക്തിയാവാന്‍ വേണ്ടി നിങ്ങളുടെ മുഴുവന്‍ സ്വത്വവും - ശരീരവും മനസ്സും ആത്മാവും യോജിച്ചു പ്രവര്‍ത്തിക്കും.

              നമ്മള്‍ ശക്തമായി ഉള്‍ക്കൊണ്ടതും ലക്ഷ്യമാക്കിയതുമായ പ്രതിഛായക്ക് നമ്മളിലും നമ്മളുടെ ജീവിതത്തിലും ആശാവഹമായൊരു മാറ്റമുണ്ടാക്കാന്‍ അതിശയകരമായൊരു ശക്തിയുണ്ട്. ജീവിതത്തില്‍ ശാരീരികമായും മാനസികമായും ആത്മീയമായും നിങ്ങള്‍ എന്തായിത്തീരുവാന്‍ ആഗ്രഹിക്കുന്നുവോ ആ പ്രതിഛായ കൈക്കൊള്ളുക. ആ ചിത്രം നിങ്ങളുടെ അബോധമനസ്സിലേക്ക് ആഴ്‍ന്നിറങ്ങും വരെ. അതിനെ നിങ്ങളുടെ ബോധമനസ്സില്‍ ദൃഡമായി പിടിക്കുക. എങ്കില്‍ നിങ്ങളുടെ മനസ്സ് അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും നിങ്ങള്‍ക്കത് ലഭ്യമാകുകയും ചെയ്യുന്നു.

               നിങ്ങളുടെ വീഴ്ചകളുടെ നിമിഷങ്ങളെ കൈകാര്യം ചെയ്യുകയും അവ മുകളിലേക്കുള്ള പരിഹാരങ്ങളാകുകയും ചെയ്യുകയാണെങ്കില്‍, ചിന്താ നിയന്ത്രണത്തില്‍ നിങ്ങള്‍ ആധിപത്യം നേടുകയാണ്. തീര്‍ച്ചയായും അതൊരു പ്രസാദാത്മക ചിന്തകന്റെ അടയാളമാണ്. ശുഭകരമായ ചിന്തകള്‍ കൊണ്ട് ഏതൊരു പ്രതികൂലസാഹചര്യവും അനുകൂലമാക്കുവാന്‍ സാധിക്കും, ആ സാഹചര്യത്തിന് നിങ്ങള്‍ നിങ്ങളുടെ ചിന്തയും, ലക്ഷ്യബോധവും, നിങ്ങളില്‍ തന്നെയുള്ള വിശ്വാസവും സമര്‍പ്പിക്കുകയാണെങ്കില്‍.


ഒരു പിന്തിരിപ്പന്‍ ആകാതിരിക്കുക പകരം ഒരു കഠിനാധ്വാനി ആകുക.

Read more »

Wednesday, December 14, 2011

"ദൈവകണം" പിടിതരുമോ...........? "നൂറ്റാണ്ടിന്റെ കണ്ടെത്തലിനായി".

ഹിഗ്സ് ബോസോണുകളുടെ വികടനത്തിന്റെ സഞ്ചാരപാത (c)CERN


ATLAS ലെ ഹിഗ്സ് വികടനം
(c)DOE/Brookhaven National Laboratory

                ശാസ്ത്രലോകത്ത് ഏറെ ഒച്ചപ്പാടുകളുമായി തുടക്കംകുറിച്ച ലാര്‍ജ് ഹൈഡ്രോണ്‍ കൊളൈഡര്‍ വീണ്ടും ശാസ്ത്ര ചര്‍ച്ചകളില്‍ സജീവമാകുന്നു. ഇന്നലെ (2011 ഡിസംബര്‍ 13ന്) സേണ്‍ (CERN) പുറത്തുവിട്ട പരീക്ഷണ ഫലങ്ങളാണ് എല്‍.എച്ച്.സി - യെ വീണ്ടും വാര്‍ത്തകളില്‍ നിറയ്ക്കുന്നത്. പ്രപഞ്ചത്തിന്റെ മൌലിക ഘടനയുടെ ആധാരമായി കണക്കാക്കപ്പെടുന്ന സ്റ്റാന്‍ഡേര്‍ഡ് മോഡലിലെ ഹിഗ്സ് ബോസോണിന്റെ ഭൌതിക നിലനില്‍പ്പിനെ സാധൂകരിക്കാവുന്ന രണ്ട് പരീക്ഷണങ്ങളുടെ (ATLAS & CMS) തെളിവുകളാണ്  പുറത്തുവന്നിരിക്കുന്നത്.

                പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനെ സംബന്ധിച്ച് സൈദ്ധാന്തിക ഭൌതികശാസ്ത്രജ്ഞര്‍ സിദ്ധാന്തിച്ച സ്റ്റാന്‍ഡേര്‍ഡ് മോഡലിലെ മനുഷ്യന് ഇനിയും പിടിതരാത്ത ഒരേയൊരു കണമാണ് ഹിഗ്സ് ബോസോണ്‍, ഇവയെ പ്രപഞ്ച നിര്‍മ്മിതിയുടെ അടിസ്ഥാന കണമായി പൊതുവെ കണക്കാക്കിവരുന്നു. ഈ കണങ്ങളുമായുള്ള സംഭര്‍ക്കത്തില്‍ നിന്നും മറ്റ് ആറ്റോമിക കണങ്ങളുടെ ഭാരത്തില്‍ വര്‍ദ്ധനവുണ്ടാവുന്നു എന്നാണ് പ്രപഞ്ചത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ രൂപീകരണത്തിനായി സ്വീകരിച്ച പ്രധാന വാദം.

                 പരീക്ഷണ ഫലങ്ങള്‍ പ്രകാരം ഹിഗ്സ് ബോസോണുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അവയുടെ ഭാരം അറ്റ്ല‍സ് പരീക്ഷണ റിപ്പോര്‍ട്ട് പ്രകാരം 116-130 GeV പരിധിയിലും, സി.എം.എസ് പരീക്ഷണ റിപ്പോര്‍ട്ട് പ്രകാരം 115-127  GeV പരിധിയിലുമായിരിക്കും. ഈയൊരു ഭാര പരിധിയില്‍ ഹിഗ്സ് ബോസോണുകളുടേതിന് സമാന സ്വഭാവമുള്ള കണങ്ങളുടെ സ്വാധീനം കണക്കാക്കപ്പെട്ടിട്ടുണ്ടെങ്കിലും, ആ  ദൈവകണങ്ങളെ ആധികാരികമായി കണ്ടെത്താന്‍ ഇനിയും പരീക്ഷണങ്ങള്‍ നടക്കേണ്ടതായുണ്ട്.

                 ഹിഗ്സ് ബോസോണുകള്‍ക്ക് ഭൌതിക നിലനില്‍പ്പ് സാധ്യമാണെങ്കില്‍, അവയുടെ ആയുസ് ഏതാനും നാനോസെക്കന്റുകള്‍ മാത്രമായിരിക്കും, മാത്രമല്ല അവയ്ക്ക് വ്യത്യസ്ത തലങ്ങളിലുള്ള വികടനവും സാധ്യമായിരിക്കും, അതായത് ഒരു നൂരുരൂപ നോട്ടിനെ 50*2, 20*5, 10*10, 5*20 എന്നിങ്ങനെ ചില്ലറയാക്കുന്നപോലെ ഹിഗ്സ് ബോസോണുകളെ വ്യത്യസ്ത കണഭേദങ്ങളിലേക്ക് വിഘടിപ്പിക്കാന്‍ കഴിയും.  അറ്റ്ല‍സ് പരീക്ഷണത്തിലും,  സി.എം.എസ് പരീക്ഷണത്തിലും അവര്‍ ഹിബ്സിനെ കണ്ടെത്തുന്നതിനു പകരം അവയുടെ വികടനത്തിന്റെ വിവിധ വകഭേദങ്ങളെയാണ് പഠനവിധേയമാക്കിയത്, ഓരോ വികടന ഭേദങ്ങളിലും യഥാര്‍ത്ഥ ആറ്റോമിക കണങ്ങളെ സംബന്ധിച്ച്, വളരെ നേരിയ തോതിലുള്ള ഒരു ഭാരവ്യതിയാനം  കണ്ടെത്താന്‍ അവര്‍ക്ക് സാധിച്ചു, ആ ഭാരവ്യതിയാനം ഹിഗ്സ് ബോസോണുകളുടെ സൈദ്ധാന്തിക അടിത്തറയെ സാധൂകരിക്കുന്നു എന്നതാണ് ഈ മേഖലയില്‍ ലഭിക്കുന്ന പുത്തന്‍ പ്രതീക്ഷ.

                    അറ്റ്ല‍സ് പരീക്ഷണത്തിലും,  സി.എം.എസ് പരീക്ഷണത്തിലും അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ നിന്നും, നാഷണല്‍ ലബോറട്ടറികളില്‍ നിന്നുമുള്ള 1600-ലധികം ശാസ്ത്രജ്ഞരും, വിദ്യാര്‍ത്ഥികളും, എഞ്ചിനിയര്‍മാരും, ടെക്നീഷ്യന്‍മാരും ഈ പരീക്ഷണത്തിനായി പ്രത്യേകം രൂപപ്പെടുത്തിയ അതിവേഗ ബ്രോഡ്ബാന്റ് ഗ്രിഡിലൂടെ പങ്കെടുത്തു.

                      1964ല്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ പീറ്റര്‍ ഹിഗ്സിന്റെ നേതൃത്വത്തിലുള്ള സംഘം രൂപപ്പെടുത്തിയ പ്രപഞ്ചത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് മോഡലിനെ വളരെ വ്യക്തമായി സാധൂകരിക്കാന്‍ ഹിഗ്സ് ബോസോണുകളുടെ കണ്ടെത്തലിലൂടെ സാധ്യമാവും.

                      ഈ പരീക്ഷണത്തിലൂടെ പ്രപഞ്ച നിര്‍മ്മിതിയുടെ അടിസ്ഥാന കണം നമുക്ക് പിടിതന്നാലും, ആ കണങ്ങളുടെ സ്വഭാവം വ്യക്തമായി പഠനവിധേയമാക്കിയാല്‍ മാത്രമേ അത്  സ്റ്റാന്റേര്‍ഡ് ഹിഗ്സ് ബോസോണ്‍ തന്നെയാണോ എന്ന നിഗമനത്തിലെത്താന്‍ കഴിയൂ. ആ കണം സ്റ്റാന്റേര്‍ഡ് ഹിഗ്സ് ബോസോണ്‍ അല്ലെങ്കില്‍ ഭൌതികശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെല്ലാം തകര്‍ന്നുവീഴപ്പെടും.



നമുക്ക് കാത്തിരിക്കാം.. നൂറ്റാണ്ടിന്റെ കണ്ടെത്തലിനായി....


Reference: CERN Press Release     

Read more »

Sunday, December 11, 2011

"മാതൃഭൂമി... ന്നാലും എന്നോട് ഈ ചതി"

ഇന്നലെ മുതല്‍ എന്തോ ഒരസ്വസ്ഥത............


എന്താണെന്നറിയില്ല......,
സാധാരണ എന്റെ മൊബൈല്‍ ഫോണ്‍ എത്ര തവണ ചിലച്ചാലും ഗൌനിക്കാത്തയാളാണ്, അമ്മ...


പക്ഷെ......
ഇന്നലെ മുതലൊരു മാറ്റം...


ക്രിത്യമായിപ്പറഞ്ഞാല്‍


രാവിലെ അമ്മയുടെ പത്രപാരായണം കഴിഞ്ഞതു മുതല്‍....
ഫോണിലേക്ക് വരുന്ന എല്ലാ കോളുകളും, എസ്.എം.എസ്-കളും സെന്‍സര്‍ ചെയ്യപ്പെടുന്നു...


"എന്നതാ പറ്റിയെ.....???"


ഓര്‍ഗാനിക്ക് കെമിസ്ട്രിയുടെ തടിയന്‍ ബുക്കില്‍ ദൃഷ്ടി കേന്ദ്രീകരിച്ച് ഞാന്‍ തലപുകച്ചു....!


തലെന്നത്തെയും അന്നത്തെയും സംഭവങ്ങളെല്ലാം, minute by minute - second by second മനസിലൂടെ മിന്നിമറഞ്ഞു......


"എവിടെയും ഒരു പഴുതും.... ഹേ..ഹെ...."


"പിന്നെന്താ കാര്യം....."


"ഇത്രയ്ക്ക് സല്‍സ്വഭാവിയായ ഈ പാവത്തെ ഇങ്ങനെ സംശയിക്കാന്‍.....!!!"


ഒന്നു പോയി ചോദിച്ചാലോ.....?


അല്ലേല്‍ വേണ്ട....


ദൈവമേ......!


ഇനി വല്ല അസൂയക്കാരും......!!!!


ഹേ.... ഈ പഞ്ചപാവം ഷാലിനോട് ആര്‍ക്കാ ഇത്ര അസൂയ.......


പിന്നെന്താവും കാര്യം....


ഉച്ചവരെ മോറിസണും* തിന്ന്.... ബോയ്ഡും* കുടിച്ച്  തലപുകച്ചു....




കര്‍ത്താവെ നീ എന്തിനെന്നെ ക്രൂശിക്കുന്നു...?




ഒടുവില്‍ തീരുമാനിച്ചു....


കാരണമൊന്നുമില്ല... അത് ചിലപ്പോ ഒരു മോക്ക് ഡ്രില്ലാവും....!!!


(വിശ്വാസം അതല്ലെ എല്ലാം....!!!)




അങ്ങിനെ സമാശ്വസിച്ച്, രാവിലെ സംശയരോഗംമുലം വിഴുങ്ങിയ പത്രപാരായണം പുനരാരംഭിച്ചു....


പത്രം... പത്രം... പത്രം...!


"അമ്മയുടെ പത്രപാരായണം കഴിഞ്ഞശേഷമാണല്ലോ സെന്‍സര്‍ ചെയ്യപ്പെട്ട് തുടങ്ങിയെ......"    -അപ്പോഴാണ് കത്തിയത്....


പക്ഷെ.....


"എന്നെക്കുറിച്ചാര് പത്രത്തിലെഴുതാന്‍........?"


"ഇനി, എന്റെ വല്ല കഥയും publish ചെയ്തോ......!!!!" "മാത്രുഭൂമീ....?"


ഹേ.....


"അങ്ങിനെയാണേല് പ്രതികരണം ഇതുപോരല്ലോ...!!!"


ഏതായാലും കുന്തം പോയാല്‍ കുടത്തിലും തപ്പണം... ന്നല്ലെ... തപ്പിക്കളയാം.........


പത്രത്തിലെ ഓരോ വാചകവും അരിച്ചുപെറിക്കി.....ഹൂ...ഹും....ഒന്നുമില്ല....അപ്പോ... ദാ കിടക്കുന്നു വാരാന്തപ്പതിപ്പ്...


"ഇനിപ്പോ... ഇതായിട്ട് വിടണോ....?"


നോക്കിക്കളയാം....."എന്റെ ദൈവമേ....!!!"


ദാ കിടക്കുന്നു ചെറുവള്ളി നന്വൂതിരീടെ വാരഫലം....


തിരുവാതിര: പുതിയ പ്രേമബന്ധങ്ങളില്‍ ബദ്ധരാകും. 
                 ധനസ്ഥിതിയും കുടുംബസ്ഥിതിയും അനുകൂലമാവും.
                 കലാരംഗം പുഷ്ടമാകും. ഗുണാനുഭവദിനം 11.
    








മോനെ.... മനസ്സിലൊരു ലഡു പൊട്ടി....!!!




വാല്‍ക്കഷ്ണം :


"ഇനി ചിലപ്പോ... ബിര്യാണി കൊടുക്ക്വോ ആവോ.........????
  ഒന്നൊരുങ്ങിരിക്കാം ഇല്ലെ....???"












*എന്റെ ഓര്‍ഗാനിക്ക് ടെക്സ്റ്റ് ബുക്ക്...

Read more »

മലയാള സാഹിത്യത്തിന്റെ പുതിയ മുഖം

ഇഷ്ടപ്പെട്ടവ...