Showing posts with label ശാസ്ത്രം. Show all posts
Showing posts with label ശാസ്ത്രം. Show all posts

Wednesday, December 14, 2011

"ദൈവകണം" പിടിതരുമോ...........? "നൂറ്റാണ്ടിന്റെ കണ്ടെത്തലിനായി".

ഹിഗ്സ് ബോസോണുകളുടെ വികടനത്തിന്റെ സഞ്ചാരപാത (c)CERN


ATLAS ലെ ഹിഗ്സ് വികടനം
(c)DOE/Brookhaven National Laboratory

                ശാസ്ത്രലോകത്ത് ഏറെ ഒച്ചപ്പാടുകളുമായി തുടക്കംകുറിച്ച ലാര്‍ജ് ഹൈഡ്രോണ്‍ കൊളൈഡര്‍ വീണ്ടും ശാസ്ത്ര ചര്‍ച്ചകളില്‍ സജീവമാകുന്നു. ഇന്നലെ (2011 ഡിസംബര്‍ 13ന്) സേണ്‍ (CERN) പുറത്തുവിട്ട പരീക്ഷണ ഫലങ്ങളാണ് എല്‍.എച്ച്.സി - യെ വീണ്ടും വാര്‍ത്തകളില്‍ നിറയ്ക്കുന്നത്. പ്രപഞ്ചത്തിന്റെ മൌലിക ഘടനയുടെ ആധാരമായി കണക്കാക്കപ്പെടുന്ന സ്റ്റാന്‍ഡേര്‍ഡ് മോഡലിലെ ഹിഗ്സ് ബോസോണിന്റെ ഭൌതിക നിലനില്‍പ്പിനെ സാധൂകരിക്കാവുന്ന രണ്ട് പരീക്ഷണങ്ങളുടെ (ATLAS & CMS) തെളിവുകളാണ്  പുറത്തുവന്നിരിക്കുന്നത്.

                പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനെ സംബന്ധിച്ച് സൈദ്ധാന്തിക ഭൌതികശാസ്ത്രജ്ഞര്‍ സിദ്ധാന്തിച്ച സ്റ്റാന്‍ഡേര്‍ഡ് മോഡലിലെ മനുഷ്യന് ഇനിയും പിടിതരാത്ത ഒരേയൊരു കണമാണ് ഹിഗ്സ് ബോസോണ്‍, ഇവയെ പ്രപഞ്ച നിര്‍മ്മിതിയുടെ അടിസ്ഥാന കണമായി പൊതുവെ കണക്കാക്കിവരുന്നു. ഈ കണങ്ങളുമായുള്ള സംഭര്‍ക്കത്തില്‍ നിന്നും മറ്റ് ആറ്റോമിക കണങ്ങളുടെ ഭാരത്തില്‍ വര്‍ദ്ധനവുണ്ടാവുന്നു എന്നാണ് പ്രപഞ്ചത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ രൂപീകരണത്തിനായി സ്വീകരിച്ച പ്രധാന വാദം.

                 പരീക്ഷണ ഫലങ്ങള്‍ പ്രകാരം ഹിഗ്സ് ബോസോണുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അവയുടെ ഭാരം അറ്റ്ല‍സ് പരീക്ഷണ റിപ്പോര്‍ട്ട് പ്രകാരം 116-130 GeV പരിധിയിലും, സി.എം.എസ് പരീക്ഷണ റിപ്പോര്‍ട്ട് പ്രകാരം 115-127  GeV പരിധിയിലുമായിരിക്കും. ഈയൊരു ഭാര പരിധിയില്‍ ഹിഗ്സ് ബോസോണുകളുടേതിന് സമാന സ്വഭാവമുള്ള കണങ്ങളുടെ സ്വാധീനം കണക്കാക്കപ്പെട്ടിട്ടുണ്ടെങ്കിലും, ആ  ദൈവകണങ്ങളെ ആധികാരികമായി കണ്ടെത്താന്‍ ഇനിയും പരീക്ഷണങ്ങള്‍ നടക്കേണ്ടതായുണ്ട്.

                 ഹിഗ്സ് ബോസോണുകള്‍ക്ക് ഭൌതിക നിലനില്‍പ്പ് സാധ്യമാണെങ്കില്‍, അവയുടെ ആയുസ് ഏതാനും നാനോസെക്കന്റുകള്‍ മാത്രമായിരിക്കും, മാത്രമല്ല അവയ്ക്ക് വ്യത്യസ്ത തലങ്ങളിലുള്ള വികടനവും സാധ്യമായിരിക്കും, അതായത് ഒരു നൂരുരൂപ നോട്ടിനെ 50*2, 20*5, 10*10, 5*20 എന്നിങ്ങനെ ചില്ലറയാക്കുന്നപോലെ ഹിഗ്സ് ബോസോണുകളെ വ്യത്യസ്ത കണഭേദങ്ങളിലേക്ക് വിഘടിപ്പിക്കാന്‍ കഴിയും.  അറ്റ്ല‍സ് പരീക്ഷണത്തിലും,  സി.എം.എസ് പരീക്ഷണത്തിലും അവര്‍ ഹിബ്സിനെ കണ്ടെത്തുന്നതിനു പകരം അവയുടെ വികടനത്തിന്റെ വിവിധ വകഭേദങ്ങളെയാണ് പഠനവിധേയമാക്കിയത്, ഓരോ വികടന ഭേദങ്ങളിലും യഥാര്‍ത്ഥ ആറ്റോമിക കണങ്ങളെ സംബന്ധിച്ച്, വളരെ നേരിയ തോതിലുള്ള ഒരു ഭാരവ്യതിയാനം  കണ്ടെത്താന്‍ അവര്‍ക്ക് സാധിച്ചു, ആ ഭാരവ്യതിയാനം ഹിഗ്സ് ബോസോണുകളുടെ സൈദ്ധാന്തിക അടിത്തറയെ സാധൂകരിക്കുന്നു എന്നതാണ് ഈ മേഖലയില്‍ ലഭിക്കുന്ന പുത്തന്‍ പ്രതീക്ഷ.

                    അറ്റ്ല‍സ് പരീക്ഷണത്തിലും,  സി.എം.എസ് പരീക്ഷണത്തിലും അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ നിന്നും, നാഷണല്‍ ലബോറട്ടറികളില്‍ നിന്നുമുള്ള 1600-ലധികം ശാസ്ത്രജ്ഞരും, വിദ്യാര്‍ത്ഥികളും, എഞ്ചിനിയര്‍മാരും, ടെക്നീഷ്യന്‍മാരും ഈ പരീക്ഷണത്തിനായി പ്രത്യേകം രൂപപ്പെടുത്തിയ അതിവേഗ ബ്രോഡ്ബാന്റ് ഗ്രിഡിലൂടെ പങ്കെടുത്തു.

                      1964ല്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ പീറ്റര്‍ ഹിഗ്സിന്റെ നേതൃത്വത്തിലുള്ള സംഘം രൂപപ്പെടുത്തിയ പ്രപഞ്ചത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് മോഡലിനെ വളരെ വ്യക്തമായി സാധൂകരിക്കാന്‍ ഹിഗ്സ് ബോസോണുകളുടെ കണ്ടെത്തലിലൂടെ സാധ്യമാവും.

                      ഈ പരീക്ഷണത്തിലൂടെ പ്രപഞ്ച നിര്‍മ്മിതിയുടെ അടിസ്ഥാന കണം നമുക്ക് പിടിതന്നാലും, ആ കണങ്ങളുടെ സ്വഭാവം വ്യക്തമായി പഠനവിധേയമാക്കിയാല്‍ മാത്രമേ അത്  സ്റ്റാന്റേര്‍ഡ് ഹിഗ്സ് ബോസോണ്‍ തന്നെയാണോ എന്ന നിഗമനത്തിലെത്താന്‍ കഴിയൂ. ആ കണം സ്റ്റാന്റേര്‍ഡ് ഹിഗ്സ് ബോസോണ്‍ അല്ലെങ്കില്‍ ഭൌതികശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെല്ലാം തകര്‍ന്നുവീഴപ്പെടും.



നമുക്ക് കാത്തിരിക്കാം.. നൂറ്റാണ്ടിന്റെ കണ്ടെത്തലിനായി....


Reference: CERN Press Release     

Read more »

Wednesday, October 05, 2011

ഭൌതികശാസ്ത്ര നോബല്‍ : പ്രപഞ്ച വികാസത്തിന്റെ പ്രവേഗത്തിന്.


"ന്യൂട്ടന്റെ തലയില്‍ വീണ ആപ്പിള്‍" - ഭൌതികശാസ്ത്രത്തിന് എന്നും അഭിമാനിക്കാവുന്ന "ഭൂഗുരുത്വാകര്‍ഷണ ബല" -ത്തെക്കുറിച്ച് (Newton Law Of Gravity) നമ്മെ പഠിപ്പിച്ചു, എന്നാല്‍ കാലം കഴിയുന്തോറും ആ നിയമത്തിന്റെ അടിസ്ഥാന ആശയങ്ങളെക്കുറിച്ച് ശാസ്ത്രലോകം പലപ്പോഴും സംശയങ്ങള്‍ ഉന്നയിച്ചു, 2011ലെ ഭൌതികശാസ്ത്രത്തിന്റെ നോബല്‍സമ്മാനം  - ഭൂഗുരുത്വാകര്‍ഷണത്തിന്റെ നവമാനങ്ങള്‍ക്കും, പ്രപഞ്ച വിജ്ഞാനീയത്തിന്റെ പുത്തന്‍ ഉണര്‍വ്വിനും കാരണമായിത്തീരുമെന്നത് സംശയലേശമന്യേ ഉറപ്പിക്കാം.

സോള്‍ പേള്‍മറ്റര്‍
ബ്രയാന്‍ ഷ്മിഡറ്റ്

ആഡം റീസ്



പ്രപഞ്ചോല്‍പ്പത്തിയെ സംബന്ധിച്ച് നിലവിലുള്ള "മഹാവിസ്ഫോടനസിദ്ധാന്ത"-ത്തെ സാധൂകരിച്ചുകൊണ്ട്, പ്രപഞ്ചവികാസത്തിന്റെ പ്രവേഗം (acceleration) വര്‍ദ്ധിച്ചുവരുന്നു എന്ന് കണ്ടെത്തിയ സോള്‍പേള്‍മറ്റര്‍ (US), ആഡം റീസ് (US), ബ്രയാന്‍ ഷ്മിഡറ്റ് ( Australia) എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ നോബല്‍ സമ്മാനം.


ശാസ്ത്രലോകം ഇന്ന് ഏറെക്കുറെ അംഗീകരിച്ച ശ്യാമോര്‍ജ്ജത്തെ
( Dark Matter-ഇന്നേവരെ മനുഷ്യനു പിടിതരാത്ത, ഗുരുത്വാകര്‍ഷണത്തെ പ്രതിരോധിക്കാന്‍ ശേഷിയുണ്ടെന്നു വിശ്വസിക്കുപ്പെടുന്ന ഊര്‍ജ്ജരൂപം ) സംബന്ധിച്ച നിയമത്തിന്റെ സാധുതയെ ഊട്ടിയുറപ്പിക്കത്തക്കവണ്ണനാണ് ഇവരുടെ പുത്തന്‍ നിരീക്ഷണങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കപ്പെട്ടത്. കണക്കുകള്‍ പ്രകാരം പ്രപഞ്ചഘടകങ്ങളില്‍ 74%- ത്തോളം ഭാഗം ശ്യാമോര്‍ജ്ജത്തിന്റെ രൂപത്തിലാണ് നിലനില്ക്കുന്നത് എന്നു വിശ്വസിക്കപ്പെടുന്നെങ്കിലും, ശ്യാമോര്‍ജ്ജമെന്ന സങ്കീര്‍ണ്ണ പ്രതിഭാസത്തെ കൃത്യമായി അവലോകനം ചെയ്യാനുള്ള ശാസ്ത്രജ്ഞരുടെ നൂറ്റാണ്ടുകളുടെ പരിശ്രമത്തിന് മുതല്‍ക്കുട്ടാവുന്ന ഒരു കണ്ടെത്തലാണ് ഇത്.


ഗുരുത്വാകര്‍ഷണത്തെ നമുക്കറിയില്ലേ....???
A Hubble picture of the galaxy NGC 5584 featuring a Type Ia supernova.
Image courtesy STScI/JHU/TA&M/ESA/NASA


"ശ്യാമോര്‍ജ്ജം" എന്ന പ്രതിഭാസത്തെക്കുറിച്ചുള്ള ചിന്ത ശാസ്ത്രലോകത്ത് സജീവമാകും മുന്വ് പ്രപഞ്ചവികാസത്തിന്റെ വേഗത ഗുരുത്വാകര്‍ഷണാല്‍ കുറഞ്ഞുവരുന്നു എന്ന വാദത്തിനായിരുന്നു മുന്‍തൂക്കം. 2008 ല്‍ ശ്യാമോര്‍ജ്ജത്തെ സംബന്ധിച്ച് നടന്ന സിംബോസിയത്തില്‍ മേരീലാന്റിലെ സ്പേസ് ടെലസ്കോപ്പ് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (STScI) തിയറിറ്റിക്കല്‍ ഫിസിസ്റ്റായ മാരിയോ ലിവിയോ പറഞ്ഞു

"ഞാന്‍ എന്റെ കൈയ്യിലെ താക്കോല്‍ വായുവിലേക്ക് എറിയുന്വോള്‍, ഭൂഗുരുത്വാകര്‍ഷണ ബലം അതിന്റെ വേഗത കുറച്ച് അതിനെ എന്നിലേക്ക് തിരികെ കൊണ്ടുവരുന്നു. എന്നാല്‍ സൂപ്പര്‍നോവകളിലെ പ്രകാശകിരണങ്ങളെ ആസ്പദമാക്കി നടത്തിയ സമീപകാല പഠനങ്ങള്‍ പറയുന്നത്, സൂപ്പര്‍നോവകള്‍ അവയുടെ ഗാലക്സികളില്‍ നിന്നും ഉയര്‍ന്ന പ്രവേഗത്തില്‍ അകന്നുകൊണ്ടിരിക്കയാണെന്നാണ്.... അതായത് ഞാനെറിഞ്ഞ താക്കോല്‍ അതിവേഗം ഉയര്‍ന്ന് മുകളിലോട്ട് പോവുന്ന അവസ്ഥ.....!”

മാരിയോയുടെ ഈയൊരു സംശയത്തിന് വ്യക്തമായ വിശദീകരണം നല്‍കാല്‍ ഇന്നും ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടില്ല.

യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോയിലെ കോസ്മോളജിസ്റ്റായ മൈക്കല്‍ ടര്‍ണര്‍ പറയുകയുണ്ടായി

"ഈ സമസ്യക്ക് പ്രസിദ്ധമായ, എന്നാല്‍ തികച്ചും അതൃപ്തമായ ഒരു വിശദീകരണം ലഭ്യമാണ്. - ശ്യാമോര്‍ജ്ജം എന്ന ആശയം- നിലനില്‍പ്പുള്ള ഒന്നല്ല, കൂടാതെ ഗ്രാവിറ്റി എന്തെന്ന് നമുക്കിനിയും മനസ്സിലായിട്ടുമില്ല - എന്നതാണത്, എന്നാല്‍ യാഥാസ്ഥിതികരായ ഇന്നത്തെ ഭൌതികശാസ്ത്രജ്ഞര്‍ അത്തരമൊരു മാറ്റത്തെ അംഗീകരിക്കാന്‍ തയ്യാറല്ല.... അവര്‍ക്ക് ഇന്നത്തെ നിയമങ്ങളില്‍ അധിഷ്ടിതമായ, ഒരു കൂട്ടിച്ചേര്‍ക്കലിനെ താത്പര്യമുള്ളൂ...”

എന്നാല്‍ നോബല്‍ ജേതാക്കളില്‍ ഒരാളായ റീസ്, ഇതിനെക്കുറിച്ച് പ്രതികരിച്ചത് ഇങ്ങിനെയാണ്  :

"ഈ പ്രപഞ്ചത്തിലെ സകലമാന പ്രതിഭാസങ്ങളെയും ലളിതമായ ഒരു സമവാക്യത്തില്‍ വിശദീകരിയ്ക്കാമെങ്കില്‍, ഇത്തരമൊരു പുത്തന്‍ പ്രതിഭാസത്തെ നമുക്ക് ഒന്നുകില്‍ ആ സമവാക്യത്തിന്റെ ഇടതുഭാഗത്ത് കൂട്ടിച്ചേര്‍ത്ത് - ഗ്രാവിറ്റി എന്തെന്ന്, നമുക്കറിയില്ല എന്നു പറയാം - അതല്ലെങ്കില്‍ - സമവാക്യത്തിന്റെ വലതുഭാഗത്ത് പുതുതായി "വല്ലതും" കൂട്ടിച്ചേര്‍ത്ത് ഇവിടെ ഇങ്ങിനൊരെണ്ണം കൂടി ഉണ്ടെന്ന് സ്ഥാപിക്കാം.”

ചുരുക്കം പറഞ്ഞാല്‍ ഗ്രാവിറ്റിയെക്കുറിച്ച് നാം ഇതുവരെ അറിഞ്ഞതിനെക്കാള്‍ എത്രയോ മടങ്ങ് ഇനി അറിയാനിരിക്കുന്നേ ഉള്ളൂ.


ശ്യാമോര്‍ജ്ജം താമോഗര്‍ത്തത്തിന്റെ (Black Hole) ഫലമാണോ.....?


 റീസ് അഭിപ്രായപ്പെട്ടപോലെ "സമവാക്യത്തിന്റെ വലതുഭാഗത്ത് പുതുതായി "വല്ലതും" കൂട്ടിച്ചേര്‍ത്ത് "- മുന്നോട്ട് പോവുക എന്നതായിരുന്നു അവര്‍ സ്വീകരിച്ച വഴി, അതിനായി അവര്‍ ശ്യാമോര്‍ജ്ജത്തെ താമോഗര്‍ത്തത്തിന്റെ ഊര്‍ജ്ജരൂപമായി പരിഗണിച്ചു.

അതിനുവേണ്ടി ക്വാണ്ടം മെക്കാനിക്ക്സിന്റെ അടിസ്ഥാനത്തെ അവര്‍ ഉപയോഗപ്പെടുത്തി, അതായത് പ്രപഞ്ചത്തിന്റെ ശൂന്യതയില്‍ പഥാര്‍ത്ഥ കണങ്ങള്‍ നിലനില്‍പ്പിനായി കന്വനം ചെയ്യുന്നതിന്റെ ഫലമായി അജ്ഞാതമായ ഊര്‍ജ്ജം ജനിക്കുന്നു - എന്ന ആശയം. അത് ഉപയോഗിക്കുന്വോഴുള്ള പ്രധാന ഗുണം മൈക്രോകണങ്ങള്‍ക്കായുള്ള ക്വാണ്ടം മെക്കാനിക്ക്സിനെ മാക്രോകണങ്ങള്‍ക്കായി ഉപയോഗിക്കുന്വോഴുള്ള മാത്തമാറ്റിക്കല്‍ എറര്‍ ലിമിറ്റിലുള്ള വ്യത്യാസമാണ്. ഇതിനൊപ്പം റിലേറ്റിവിറ്റിയുടെ അടിസ്ഥാന സമവാക്യങ്ങള്‍ കൂടി സംയോജിപ്പിച്ച്, മാക്രോ - മൈക്രോ ഭേദമില്ലാത്ത ഒരു സവിശേഷ സന്ദര്‍ഭമായി പരിഗണിച്ചാണ് അവര്‍ ഈ ഒരു കണ്ടെത്തലില്‍ എത്തിച്ചേര്‍ന്നത്. ക്വാണ്ടം മെക്കാനിക്ക്സിന്റെയും , റിലേറ്റിവിറ്റിയുടെയും തികച്ചും വ്യത്യസ്തമായ അടിസ്ഥാന ആശയങ്ങള്‍ സംയോജിപ്പിക്കുക എന്ന പണിപ്പെട്ട ജോലിയാണ് ഇവരെ നോബല്‍ സമ്മാനത്തിന് പ്രാര്‍ത്തരാക്കിയത്.

Read more »

Saturday, September 24, 2011

ശാസ്ത്രം വിറയ്ക്കുന്ന നിമിഷങ്ങള്‍........!

അവര്‍ ആദ്യം ഒന്നു പരിഭ്രമിച്ചു....
എവിടെയെങ്കിലും എന്തങ്കിലും അബദ്ധം പിണഞ്ഞോ....?
വിശ്വാസം വന്നില്ല,
15,000 തവണ പരീക്ഷണം ആവര്‍ത്തിച്ചു...
ഭൂമി ഉരുണ്ടതാണ് എന്ന് ആദ്യമായി മനസ്സിലാക്കിയപ്പോള്‍ പൈഥഗോറസ്സ് അനുഭവിച്ച പിരിമുറുക്കത്തെക്കാള്‍,
എത്രയോ മടങ്ങ്.
ഒടുവില്‍...
ഊര്‍ജ്ജം ഉള്ളിലൊതുക്കി,
ഇന്നലെ (23/09/11) ഉച്ചയ്ക്ക് ശേഷം അവര്‍ ആ കണ്ടെത്തല്‍ ലോകത്തോടായി പങ്കുവച്ചു 

"പദാര്‍ത്ഥകണത്തിന് പ്രകാശത്തെക്കാള്‍ വേഗം


അപ്പോഴും പൂര്‍ണ്ണമായി ആ കണ്ടെത്തല്‍ സ്ഥിരീകരിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല....
ലോകമെന്വാടുമുള്ള ശാസ്ത്രജ്ഞരുടെ നിഗമനങ്ങള്‍ക്കും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്ക്കുമായി അവരുടെ കണ്ടെത്തലുകള്‍ അവര്‍ പുറത്തുവിട്ടു (നിരീക്ഷണങ്ങള്‍ ഇവിടെ).

ഇനി കാത്തിരിപ്പ്, വാദപ്രതിവാദങ്ങളിലൂടെ...


കണ്ടെത്തലിന്റെ ഔപചാരിക പ്രഖ്യാപനത്തിനായി...?



"അറിഞ്ഞിടുമ്പോള്‍ അറിയാം നമ്മള്‍ക്കറിയാന്‍
ഒത്തിരി ബാക്കി, ഒത്തിരിയൊത്തിരി ബാക്കി."


എന്ന കവിവാക്യത്തെ അന്വര്‍ത്തമാക്കി.... 
ആധുനിക ഭൌതികശാസ്ത്രത്തിന്റെ അടിത്തറയായ ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ നിലനില്പ്പിനെ ചോദ്യം ചെയ്ത്കൊണ്ടാണ് സേണിലെ((CERN) യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച്) ഒരു സംഘം ശാസ്ത്രജ്ഞര്‍ അവരുടെ പരീക്ഷണ ഫലങ്ങള്‍ പുറത്തുവിട്ടത്.പദാര്‍ത്ഥകണങ്ങള്‍ക്ക് പ്രകാശവേഗം കൈവരിക്കാനാവില്ലെന്നാണ് ഐന്‍സ്റ്റീന്റെ ആപേക്ഷിതാ സിദ്ധാന്തം സിദ്ധാന്തിക്കുന്നത്. സെക്കന്റില്‍ മൂന്നുലക്ഷം കിലോമീറ്റര്‍ വേഗതയുള്ള പ്രകാശത്തിനേക്കാള്‍ വേഗം മറ്റേതെങ്കിലും പ്രപഞ്ചവസ്തുവിന് കൈവരിക്കാനായാല്‍ കോസ്മിക് സ്പീഡ് ലിമിറ്റ് എന്ന ഐന്‍സ്റ്റീന്റെ നിഗമനം പഴങ്കഥയാവും. ഐന്‍സ്റ്റീന്റെ സമവാക്യമനുസരിച്ച് ഒരു വസ്തുവിനെ പ്രകാശവേഗത്തിലേക്ക് എത്തിക്കണമെങ്കില്‍ അനന്തമായ ഊര്‍ജം ആവശ്യമാണ്,അത് അസാധ്യവുമാണ്.
        സബ് ആറ്റോമിക് കണങ്ങളായ ന്യൂട്രിനോകളെ കണികാത്വരകത്തില്‍ പ്രവഹിപ്പിച്ച് പ്രകാശവേഗത്തേക്കാള്‍. 0025ശതമാനം വേഗം കൈവരിച്ചതായി സേണ്‍ ഗവേഷകര്‍ അവകാശപ്പെടുന്നു. ഭൌതിക ശാസ്ത്രത്തില്‍ ഏറെ സംവാദങ്ങള്‍ക്ക് തിരികൊളുത്തും വിധമാണ് സേണിലെ ഒരുകൂട്ടം ഗവേഷകര്‍ രംഗത്തുവന്നിരിക്കുന്നത്.

OPERA Neutrino Detector

         ഓപ്പറ (OPERA : Oscillation Project with Emulsion Tracking Apparatus) എന്നു പേരിട്ട പരീക്ഷണ ദൌത്യത്തില്‍ ജനീവയിലെ സേണ്‍ രാസത്വരകത്തില്‍ നിന്ന് വേഗമാര്‍ജിച്ച ന്യൂട്രിനോകണങ്ങളെ ഭൌമാന്തര ടണലിലൂടെ 730 കിലോമീറ്റര്‍ അകലെ ഇറ്റലിയിലെ ഗ്രാന്‍ സാസോ ലാബോറട്ടറിവരെ അയച്ച് നിരന്തരം നിരീക്ഷണ വിധേയമാക്കുകയായിരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. പ്രകാശത്തേക്കാള്‍ അറുപത് നാനോസെക്കന്റുകള്‍ മുന്നിലാണ് ന്യൂട്രിനോ കണങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്തിയതെന്ന് സേണ്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. അതായത് പ്രകാശവുമായി ഒരു വേഗമല്‍സരമാണ് നടന്നതെങ്കില്‍ പ്രകാശത്തേക്കാള്‍ 20 മീറ്റര്‍ മുന്‍പില്‍ ന്യൂട്രിനോ കണങ്ങള്‍ ലക്ഷ്യം കണ്ട പോലെ. 15000 ന്യൂട്രിനോ പ്രവാഹ പരീക്ഷണങ്ങള്‍ക്കു ശേഷമാണ് ഈ ഫലം പുറത്ത് വിട്ടിരിക്കുന്നത്.
        ഉപകരണത്തിനു സംഭവിച്ച പിഴവു മൂലമായിരിക്കാം അത്തരം അവിശ്വസനീയമായ ഫലത്തില്‍ എത്തിച്ചേര്‍ന്നതെന്ന് ചില ഭൌതിക ശാസ്ത്രകാരന്‍മാര്‍ സംശയമുയര്‍ത്തുന്നെങ്കിലും, ഉപകരണസംബന്ധമായി വന്നു ചേരാവുന്ന പിഴവുകള്‍ ഇല്ലെന്ന് മാസങ്ങളോളം നിരന്തര സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കിയാണ് ഫലം ഉറപ്പുവരുത്തിയതെന്ന്  ഗവേഷകര്‍ പറയുന്നു.സ്വതന്ത്ര പരീക്ഷണങ്ങളിലൂടെ ഈ ഫലം ശാസ്ത്രലോകം അംഗീകരിച്ചാല്‍ ആപേക്ഷികതാ സിദ്ധാന്തം പൊളിച്ചെഴുതേണ്ടി വരും.നിരീക്ഷണം സത്യമാണെങ്കില്‍ ആപേക്ഷികതാ സിദ്ധാന്തം അപ്രസക്തമാവുന്നില്ല പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് അത് ഒരുങ്ങുകയാണ് ചെയ്യുന്നതെന്നും കരുതുന്നവരുണ്ട്.
        എന്നൊക്കെയാണെങ്കില്‍ക്കൂടി, സേണ്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പ്രതിപാതിക്കുന്ന തരത്തിലാണ് പരീക്ഷണങ്ങളുടെയും ഉപകരണങ്ങളുടെയും കൃത്യത എങ്കില്‍ (The OPERA neutrino experiment at the underground Gran Sasso Laboratory has measured the velocity of neutrinos from the CERN CNGS beam over a baseline of about 730 km with much higher accuracy than previous studies conducted with accelerator neutrinos. The measurement is based on high-statistics data taken by OPERA in the years 2009, 2010 and 2011. Dedicated upgrades of the CNGS timing system and of the OPERA detector, as well as a high precision geodesy campaign for the measurement of the neutrino baseline, allowed reaching comparable systematic and statistical accuracies. An early arrival time of CNGS muon neutrinos with respect to the one computed assuming the speed of light in vacuum of (60.7 \pm 6.9 (stat.) \pm 7.4 (sys.)) ns was measured. This anomaly corresponds to a relative difference of the muon neutrino velocity with respect to the speed of light (v-c)/c = (2.48 \pm 0.28 (stat.) \pm 0.30 (sys.)) \times 10-5.) നമ്മെ കാത്ത് ഒരു അത്ഭുതം പതിയിരിക്കുന്നു എന്ന് നാം വിശ്വസിക്കേണ്ടതായി വരും......!

           റഫറന്‍സ്:
1) Tiny Neutrinos May Have Broken Cosmic Speed Limit 
                               [NYTimes @ www.nytimes.com/2011]
2) Researchers Claim Particles Can Travel Faster than Light 
                                [PC Mag @ www.pcmag.com/article2] 
3) Particle traveling faster than light? Two ways it could rewrite physics 
                               [Christain Science Monitor @ www.csmonitor.com/Science]
4) Faster-than-light travel discovered? Slow down, Folks 
                               [Bad Astronomy @ blogs.discovermagazine.com/bad...]

Read more »

മലയാള സാഹിത്യത്തിന്റെ പുതിയ മുഖം

ഇഷ്ടപ്പെട്ടവ...